മുരിയമംഗലം ശ്രീ നരസിംഹ സ്വാമി ശ്രീ ധർമശാസ്താ ക്ഷേത്രം
കേരളത്തിൽ എറണാകുളം ജില്ലയിൽ തൃപ്പുണിത്തുറ തിരുവാങ്കുളത്തിനടുത്തു (കൊച്ചി – മധുര ദേശീയ പാത) മാമല – വെണ്ണിക്കുളം റോഡിനു സമീപമാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള മുരിയമംഗലം ശ്രീ നരസിംഹ സ്വാമി ശ്രീ ധർമശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിന്റെ തിടപ്പിള്ളിയുടെ വാതിൽപ്പടിയ്ക്കു താഴെ കരിങ്കൽപ്പടിയിൽ ആലേഖനം ചെയ്തിട്ടുള്ളത് ഏതാണ്ട് ആയിരം വർഷങ്ങൾക്കു മുൻപ് കേരളത്തിൽ നിലനിന്നിരുന്ന ലിപികൾ ആണെന്ന് ചരിത്രഗവേഷകർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഗ്രാമം പാരമ്പര്യമായി വേദ അദ്ധ്യയനത്തിനും മുറജപം അഥവാ മുറയോത്തിനും പ്രസിദ്ധമായിരുന്നു. മുറയോത്തിനു പ്രസിദ്ധി കേട്ട സ്ഥലമായതിനാൽ മുറയോത്ത്‌മംഗലം എന്ന പേരിൽ അറിയപ്പെട്ടിരുന്നു. മുറയോത്ത്‌മംഗലം ലോപിച്ച് മുരിങ്ങോത്ത് എന്നാവുകയും കാലക്രമത്തിൽ ദേശനാമത്തിൽ പരിഷ്‌ക്കാരങ്ങൾ വരികയും മുരിയമംഗലം എന്നായി തീരുകയും ചെയ്തു.
ഹോമകുണ്ഡത്തിൽ നിന്നുയർന്ന്, ശ്രീ നരസിംഹസ്വാമിയുടെ ചൈതന്യത്തിൽ, പടിഞ്ഞാട്ടു ദർശനമായി ചതുർബാഹുവായ മഹാവിഷ്ണുവിന്റെ രൂപത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ നിലകൊള്ളുന്നത്. ധ്യാനരൂപത്തിൽ ആണെങ്കിലും അഗ്നിയിൽ നിന്നുയർന്ന് വന്നത് കൊണ്ട് ഉഗ്രതാപം ശമിപ്പിക്കുന്നതിനായി “ആയിരം കുടം ധാര” ഇവിടെ പ്രധാനമാണ്. ഭക്തർ അഭീഷ്ടസിദ്ധിയ്ക്കായി ആയിരംകുടം ധാര നിത്യേന നടത്തിപ്പോരുന്നു. കേരളത്തിൽ ഇങ്ങനെയുള്ള നരസിംഹ പ്രതിഷ്ഠ മറ്റെങ്ങും ഇല്ല എന്ന് മാത്രമല്ല ആയിരംകുടം ധാര നടക്കുന്ന വിഷ്ണു ക്ഷേത്രങ്ങളും ഇല്ല എന്നാണ് അറിവ്. പുരാണേതിഹാസങ്ങളിലെ മഹാസംഭവങ്ങളുടെ നേർക്കാഴ്ചകളായ ദാരുശില്പങ്ങൾ കൊണ്ട് സമ്പന്നവുമാണ് ക്ഷേത്ര സമുച്ചയം.
ക്ഷേത്രകാര്യനിർവ്വഹണം
നമ്പൂതിരി ഊരായ്മക്കാരുടെ കീഴിലായിരുന്നു ക്ഷേത്രകാര്യനിർവ്വഹണങ്ങൾ നടന്നു പോന്നിരുന്നത്. ഭൂപരിഷ്കരണ നിയമത്തോട് കൂടി ജന്മി-കുടിയാൻ വിളംബരം വന്നതോടെ ക്ഷേത്ര സ്വത്തുക്കൾ സർക്കാർ ഏറ്റെടുത്തു കുടിയാന്മാർക്കു കൊടുത്തു. പ്രതിഫലമായി തുച്ഛമായി ലഭിക്കുന്ന ജന്മിക്കരം കൊണ്ടും വർഷാശനം കൊണ്ടും തൃപ്തിപ്പെടേണ്ടി വന്നു. കാലപ്പഴക്കത്തിന്റെ ജീർണ്ണാവസ്ഥയിൽ ആയിത്തീർന്ന ക്ഷേത്രം മുന്നോട്ടു കൊണ്ട് പോകാൻ നമ്പൂതിരി ഊരാളന്മാർക്ക് ബുദ്ധിമുട്ടായി തീരുകയും ക്ഷേത്രകാര്യനിർവ്വഹണം നല്ല രീതിയിൽ നടന്നു പോകുന്നതിന് 1995 മെയ് 21 ന് ക്ഷേത്രവും ക്ഷേത്രകാര്യനിർവ്വഹണം നടത്തുന്നതിനുള്ള അധികാരവും കേരള ക്ഷേത്രസംരക്ഷണ സമിതിക്ക് കൈമാറുകയും ചെയ്തു. തുടർന്ന് നാട്ടുകാരായ ഭക്തജനങ്ങളെ ഉൾപ്പെടുത്തി ശാഖാ സമിതി രൂപീകരിച്ച് (രജി. നമ്പർ: 1737) നാട്ടുകാരുടെയും ഭക്തജനങ്ങളുടെയും സഹായ സഹകരണത്തോടെ കാര്യ നിർവ്വഹണ സമിതിയുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടു പോകുന്നു.