ഐതീഹ്യം
ഇന്നത്തെ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥാനത്ത് ഭക്തനും തപസ്വിയുമായിരുന്ന ഒരു അടിയുടെ മനയായിരുന്നു. മുരിങ്ങോത്ത് അടികൾ എന്ന പേരിൽ അറിയപ്പെട്ടിരുന്ന അദ്ദേഹം മുറയോത്തിന് അധികാരിയായിരുന്നു. ആചാരനുഷ്ഠാനങ്ങൾ കടുകിടതെറ്റാതെ നിഷ്ഠയോടെ പാലിച്ചു പോന്നിരുന്ന അടികളുടെ തേവാരമൂർത്തിയായിരുന്നു ഇവിടുത്തെ ധർമ്മശാസ്താവ്. ശ്രീ മഹാവിഷ്ണുവിന്റെ പരമഭക്തനായ അടികൾ ജീവിത സായാഹ്നത്തിൽ തന്റെ ആരാധനാമൂർത്തിയുടെ ദർശനത്തിന് അതിയായി ആഗ്രഹിക്കുകയും അതിനായി വിശിഷ്ടമായ ഹോമാദികർമ്മങ്ങൾ തന്റെ ദൈനം ദിന പൂജകളിൽ നടത്തിപ്പോരുകയും ചെയ്തു. അടികളുടെ ഭക്തിയിൽ പ്രസന്നനായ ഭഗവാൻ ഭക്തന്റെ ആഗ്രഹനിവൃത്തി വരുത്തി ഔവാസനാഗ്നിയിൽ ശ്രീ നരസിംഹമൂർത്തിയായി ദർശനം നൽകി. ദർശനസൗഭാഗ്യം ലഭിച്ച അടികളോട് എന്തെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ ചോദിച്ചോളൂ എന്നതിന് മറുപടിയായി ഭഗവാൻ സ്വയം ഇവിടെ കുടിയിരുന്ന് നാടിന് വിളക്കാകുവാൻ കൃപയുണ്ടാകണം എന്ന് അഭ്യർത്ഥിച്ചു. ഭക്തന്റെ ആഗ്രഹം അതാണെങ്കിൽ അങ്ങിനെ തന്നെ ആവട്ടെ എന്ന് ഭഗവാൻ അനുഗ്രഹിക്കുകയും ചെയ്തു. തുടർന്ന് അതെ ഹോമകുണ്ഡത്തിൽ പടിഞ്ഞാറോട്ടു ദർശനമായി നരസിംഹമൂർത്തിയെ അടികൾ പ്രതിഷ്ഠിച്ചു എന്നാണ് ഐതീഹ്യം. ജ്ഞാനിയും സിദ്ധനും ആയ അടികൾ തന്റെ മനക്കണ്ണിൽ ഭഗവാനോടൊപ്പം ശ്രീ ഭഗവതിയുടെ സാന്നിധ്യം തിരിച്ചറിയുകയും ഭഗവതിയുടെ ഇച്ഛപ്രകാരം ഭഗവാന്റെ പിൻഭാഗത്തായി കിഴക്കോട്ടു ദർശനമായി പ്രതിഷ്ഠിച്ച് ആരാധിച്ചു പോന്നു.
ഉഗ്രസ്വരൂപനായി ദർശനം നൽകിയ നൃസിംഹ ചൈതന്യത്തെ ഹോമകുണ്ഡത്തിൽ പ്രതിഷ്ഠിക്കയാൽ ഭഗവാന് ഉഗ്രതാപം അനുഭവപ്പെടുകയും ഇത് തിരിച്ചറിഞ്ഞ അടികൾ സർവ്വനാശം മുന്നിൽ കണ്ട് ഭഗവാന്റെ താപത്തെ ശമിപ്പിക്കുന്നതിനായി തുടർച്ചയായി ജലം അഭിഷേകം ചെയ്യുകയും ചെയ്തു. ഈ അഭിഷേകം പിന്നീട് “ആയിരംകുടം ധാര” എന്ന പേരിൽ അറിയപ്പെടുകയും ചെയ്തു. ആയിരംകുടം അഭിഷേകത്താൽ താപം ശമിച്ച് ശാന്തസ്വരൂപനായിത്തീർന്ന ഭഗവാൻ ഭക്തന്മാരുടെ അഭീഷ്ടങ്ങളെ നിവർത്തിച്ച് ഭക്തസേവകനായി തന്നെ ഇവിടെ വിരാജിക്കുന്നു. ഇപ്പോഴും ഭക്തർ അഭീഷ്ടസിദ്ധിയ്ക്കായി ആയിരംകുടം ധാര നിത്യേന നടത്തിപ്പോരുന്നു. കേരളത്തിൽ ഇങ്ങനെയുള്ള നരസിംഹ പ്രതിഷ്ഠ മറ്റെങ്ങും ഇല്ല എന്ന് മാത്രമല്ല ആയിരംകുടം ധാര നടക്കുന്ന വിഷ്ണു ക്ഷേത്രങ്ങളും ഇല്ല എന്നാണ് അറിവ്.
മറ്റ് ക്ഷേത്രങ്ങളുമായുള്ള ബന്ധം
ചോറ്റാനിക്കര ദേവീ ക്ഷേത്രം
മുരിയമംഗലം ക്ഷേത്രത്തിന് ഏതാണ്ട് 2 കിലോമീറ്റർ തെക്കോട്ടു മാറിയാണ് വിശ്വപ്രസിദ്ധമായ ചോറ്റാനിക്കര ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പൗരാണിക കാലം മുതൽക്കേ ഇരു ക്ഷേത്രങ്ങൾ തമ്മിൽ അഭേദ്യമായ ബന്ധം ഉള്ളതാകുന്നു. കുംഭമാസത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഭഗവതിയുടെ പ്രധാന ആറാട്ടായ “ഉത്തരം ആറാട്ട്” മുരിയമംഗലം ക്ഷേത്രത്തിലെ തീർത്ഥക്കുളത്തിൽ ആണ് നടക്കുന്നത്. ആറാട്ടിന് ശേഷം ശാസ്താസമേതനായി ഭഗവതി നരസിംഹസ്വാമി ക്ഷേത്രത്തിലേയ്ക്ക് എഴുന്നള്ളുകയും ക്ഷേത്ര ഗോപുര കവാടത്തിൽ വച്ച് ആചാരപൂർവ്വം ഭഗവതിയെയും ശാസ്താവിനെയും എതിരേറ്റ് നമസ്ക്കാരമണ്ഡപത്തിൽ നരസിംഹമൂർത്തിയ്ക്കു അഭിമുഖമായി ഇരുത്തി വിശേഷാൽ പൂജയും നിവേദ്യങ്ങളും നൽകി തുടർന്ന് മൂന്നു പേരെയും കൂട്ടി എഴുന്നള്ളിച്ച് ശീവേലിയും നടത്തിയതിനു ശേഷം ഭഗവതിയും ശാസ്താവും നരസിംഹസ്വാമിയോട് ഉപചാരം ചൊല്ലി തിരികെ ചോറ്റാനിക്കരയ്ക്ക് എഴുന്നള്ളുന്നു. ഈ ആചാരത്തിന് ഇടക്കാലത്ത് ഭംഗം വരികയുണ്ടായി. അതിന് ചരിത്രപ്രാധാന്യമുള്ള ഒരു കാരണവും ഉണ്ടായിരുന്നു.
കേരള സംസ്ഥാനം നിലവിൽ വരുന്നതിന് മുൻപ് മുരിയമംഗലം ദേശം തിരുവിതാംകൂർ നാട്ടുരാജ്യത്തിലും ചോറ്റാനിക്കര ദേശം കൊച്ചി നാട്ടുരാജ്യത്തിലും ഉൾപ്പെട്ടതായിരുന്നു. 1936 -ൽ അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ ചരിത്ര പ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിക്കുകയുണ്ടായി. ഇതിനെ തുടർന്ന് എല്ലാ ക്ഷേത്രങ്ങളിലും ദർശനം നടത്തുന്നതിന് എല്ലാ ജാതിയിലും പെട്ട ഹിന്ദുക്കൾക്ക് പ്രവേശനം ലഭിക്കപ്പെട്ടു. ഈ വിളംബരത്തോട് അനുഭാവം ഇല്ലാതിരുന്ന കൊച്ചി മഹാരാജാവ് തന്റെ നാട്ടുരാജ്യത്ത് ക്ഷേത്ര പ്രവേശനം നല്കാൻ തയ്യാറാകാതിരുന്നതോടൊപ്പം തിരുവിതാംകൂറുമായുള്ള ആചാരങ്ങൾക്ക് ഭ്രഷ്ട് കൽപ്പിച്ചു . കൊച്ചി രാജാവിന്റെ ഭ്രഷ്ടിനെ തുടർന്ന് ചോറ്റാനിക്കര ഭഗവതിയുടെ ഉത്രം ആറാട്ട് അന്ന് മുതൽ മുരിയമംഗലത്തേയ്ക്ക് എത്താറുമില്ല. വർഷങ്ങൾ ഏറെ കഴിഞ്ഞ് (കേരള സംസ്ഥാനം നിലവിൽ വന്ന ശേഷം) ഇരുക്ഷേത്രങ്ങളിലും നടത്തിയ അഷ്ടമംഗല പ്രശ്നങ്ങളിൽ അറ്റു പോയ ഈ ആചാരത്തെ പല കുറി പരാമർശിക്കുകയും ഇത് പുനഃസ്ഥാപിക്കണം എന്നതാണ് ദേവഹിതം എന്ന് ദൈവജ്ഞന്മാർ നിർദേശിക്കുകയും ചെയ്തതോടെ 76 വർഷത്തെ നീണ്ട ഇടവേളയ്ക്ക് വിരാമമിട്ട് കൊണ്ട് 2012 ൽ ഭഗവതി ഉത്രം ആറാട്ടിനായി മുരിയമംഗലത്തേയ്ക്ക് എഴുന്നള്ളുകയുണ്ടായി. തുടർന്ന് ഇന്നും ഇത് മുടങ്ങാതെ നടന്നു വരുന്നു.
മറ്റക്കുഴി ശിവപാർവ്വതി ക്ഷേത്രം
മുരിയമംഗലത്തിന് വടക്ക് കിഴക്കായി 2 കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന മറ്റക്കുഴി ശിവപാർവ്വതി ക്ഷേത്രവുമായി ഈ ക്ഷേത്രത്തിന് അഭേദ്യമായ ബന്ധമാണുള്ളത്. ബ്രാഹ്മണാലയം ഉണ്ടായിരുന്ന കാലത്ത് ഇവിടെ വസിച്ചിരുന്നവർ നിത്യം ശിവക്ഷേത്രദർശനം നടത്തിപ്പോന്നിരുന്നു. ഇവിടുത്തെ ഉത്സവത്തിന് വലിയവിളക്ക് ദിവസം ശ്രീ മഹാദേവൻ എഴുന്നള്ളുന്നു എന്ന പ്രത്യേകതയും ഈ ക്ഷേത്രവുമായുള്ള ബന്ധത്തെ ബലപ്പെടുത്തുന്നു.
പള്ളിപ്പാട്ട് ഭഗവതി ക്ഷേത്രം
മുരിയമംഗലം ക്ഷേത്രത്തിൽ നിന്നും പടിഞ്ഞാറ് ദിക്കിലായി അൽപ്പം മാറിയാണ് പള്ളിപ്പാട്ട് ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ഭഗവതി ദേശപ്പറയ്ക്ക് പോവുക പതിവുണ്ടായിരുന്നു (ഇന്നതില്ല). ഉത്സവത്തിന്റെ പ്രധാന ദിവസമായ അശ്വതി നാളിൽ ദേശപ്പറ കഴിഞ്ഞ് മടങ്ങുന്ന ഭഗവതിയെ മുരിയമംഗലം ക്ഷേത്രത്തിൽ ഇറക്കിപൂജ നടത്തിയ ശേഷം താലവൃന്ദത്തിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ പള്ളിപ്പാട്ടേയ്ക്ക് എതിരേറ്റു കൊണ്ട് പോവുകയും ചെയ്യുമായിരുന്നു. ഇടയ്ക്കെപ്പോഴോ ഈ ചടങ്ങ് മുടങ്ങിപ്പോവുകയുണ്ടായി. എന്നാൽ അഷ്ടമംഗലപ്രശ്നത്തിൽ കണ്ട നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഏതാനും വര്ഷം മുൻപ് പ്രസ്തുത ചടങ്ങ് പുനഃരാരംഭിക്കുകയും തുടർന്ന് മുടങ്ങാതെ നടന്നു പോരുകയും ചെയ്യുന്നു.